NRI
വാഷിംഗ്ടൺ ഡിസി: കുറഞ്ഞ വരുമാനമുള്ള നിരവധി അമേരിക്കക്കാർ ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സബ്സിഡികൾ നീട്ടുന്നതിനായി ഹൗസിൽ വോട്ടെടുപ്പ് നടത്തില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പ്രഖ്യാപിച്ചു. ഈ സബ്സിഡികൾ ഈ വർഷാവസാനം അവസാനിക്കാൻ ഒരുങ്ങുകയാണ്.
സ്പീക്കറുടെ ഈ തീരുമാനത്തോടെ, കോടിക്കണക്കിന് അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ വർധനവുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
ഈ സബ്സിഡികൾ നീട്ടുന്നതിന് പ്രതിവർഷം ഏകദേശം 3,500 കോടി ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ ചെലവ് കുറയ്ക്കുന്നതിനായി മറ്റ് ചെലവുകൾ വെട്ടിച്ചുരുക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു.
കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള താൽക്കാലിക പരിഹാരം മാത്രമാണ് ഈ സബ്സിഡികളെന്നും, ഇത് സ്ഥിരമായി നിലനിർത്തേണ്ടതില്ലെന്നുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട്.
35 ബില്യൺ ഡോളർ ചെലവ് വരുന്ന ആനുകൂല്യങ്ങൾ എങ്ങനെ നീട്ടണം എന്ന കാര്യത്തിൽ മിതവാദികളായ റിപ്പബ്ലിക്കൻമാരുമായി ഒരു ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ലെന്ന് ജോൺസൺ റിപ്പോർട്ടർമാരോട് പറഞ്ഞു.
സബ്സിഡി നീട്ടാതിരിക്കുന്നത് സാധാരണ അമേരിക്കക്കാർക്ക് ആരോഗ്യ പരിപാലന ചെലവിൽ വലിയ വർധനവുണ്ടാക്കുമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു.
ന്യൂയോർക്ക് കോൺഗ്രസ് അംഗം മൈക്ക് ലോലർ ഉൾപ്പെടെയുള്ള ചില റിപ്പബ്ലിക്കൻമാർ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണം കയ്യാളുന്ന പാർട്ടിക്ക് ആരോഗ്യ പ്രീമിയം വർധിക്കാൻ അനുവദിക്കാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഒബാമ കെയർ ഉപയോഗിക്കുന്നവരിൽ നാലിൽ മൂന്ന് പേരുംഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിലാണ്.
സബ്സിഡികൾ നീട്ടുന്നതിനായി ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന ഒരു ’ഡിസ്ചാർജ് പെറ്റീഷൻ’ (വോട്ടെടുപ്പിനായി സഭയിൽ അവതരിപ്പിക്കാനുള്ള നീക്കം) ചില റിപ്പബ്ലിക്കൻമാർ പിന്തുണച്ചേക്കാം. എന്നാൽ ഈ ആഴ്ചയോടെ ഹൗസ് അംഗങ്ങൾ അവധിക്കായി പിരിയുന്നതിനാൽ, വോട്ടെടുപ്പ് നടന്നാൽ പോലും അടുത്ത വർഷത്തേക്ക് നീണ്ടുപോകാൻ സാധ്യതയുണ്ട്.
NRI
തിരുവനന്തപുരം: മുൻ പ്രവാസികളെയും (NRK Returnees) നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് വ്യക്തമാക്കി.
ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. ഈ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകൾ അറിയിക്കുമെന്നും അവർ അറിയിച്ചു.
പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിർണയിച്ചിരിക്കുന്നത്.
Vidal Health ആണ് മൂന്നാംകക്ഷി അഡ്മിനിസ്ട്രേറ്റർ (TPA). നോർക്ക ഐ ഡി അല്ലങ്കിൽ സ്റ്റുഡന്റ്സ് ഐഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും അഭ്യർഥിച്ചിട്ടുള്ളത്.
വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ.
പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ യഥാർഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്ട്സും ഇന്ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർഥിക്കുന്നു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
പദ്ധതിയുടെ എൻറോൾമെന്റ് വിൻഡോ നവംബർ 30 വരെ നീട്ടിയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പിഎൽസി അഭ്യർഥിക്കുന്നു.
നോർക്ക റൂട്സുമായും പ്രവാസി ക്ഷേമനിധി ബോർഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ സമഗ്രമായി ചർച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപനം വന്നതിനുശേഷമാകാമെന്നും സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു.
Kerala
കൊച്ചി: ഗ്രൂപ്പ് ഹെല്ത്ത് ഇന്ഷ്വറന്സ് പോളിസി പ്രകാരമുള്ള ചികിത്സാക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിനു കന്പനി 66,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര കോടതി.
വിഷ്വല് ഇന്റേണല് യൂറിത്രോടോമി (വിഐയു) എന്ന ശസ്ത്രക്രിയയ്ക്കു യൂറിനറി സ്റ്റോണ് ചികിത്സയ്ക്കു നിഷ്കര്ഷിച്ച സബ്ലിമിറ്റ് ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാര്വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ഉത്തരവില് കോടതി വ്യക്തമാക്കി.
ചാലക്കുടി സ്വദേശിയായ ഐപ്പ് പി. ജോസഫ്, ഫ്യൂച്ചര് ജനറലി ഇന്ത്യ ഇന്ഷ്വറന്സ് കമ്പനിക്കെതിരേ സമര്പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇന്ഷ്വറന്സ് പോളിസിയിലെ വ്യവസ്ഥകള് അവ്യക്തമാണെങ്കില് ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.
മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സയ്ക്കു ബാധകമാക്കാന് കഴിയില്ല. ഇന്ഷ്വറന്സ് കമ്പനിയുടെ ഇത്തരം നടപടികള് അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും ഇന്ഷ്വറന്സ് ഉടമ്പടിക്ക് വിരുദ്ധവുമാണ്.
ഇതു സേവനത്തിലെ ന്യൂനതയും അധാര്മിക വ്യാപാരരീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. വിനു എലിസബത്ത് ശശി കോടതിയില് ഹാജരായി.
Kerala
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച് നാടിന്റെ പുരോഗതിക്കായി വലിയ സംഭാവന നല്കുന്നവരാണ് പ്രവാസി സമൂഹമെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവും നാടിന്റെ വികസനത്തിന് വലിയ സഹായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ തന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കായുളള "നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ഒട്ടേറെ ഇൻഷുറൻസ് പദ്ധികളുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം നിരക്കിന്റെ കുറവ് ഈ പദ്ധതിയുടെ ആകർഷണമാണ്. മറ്റൊരു പ്രത്യേകത കേരളത്തിൽ അഞ്ഞൂറിലധികം ആശുപത്രികളിലൂടെ ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നുവെന്നതാണ്.
നിലവിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കും.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നല്കുക എന്നീ കാര്യത്തിൽ കേരളം മികച്ച മാതൃകയാണ്. കഴിഞ്ഞ ദശാബ്ധകാലത്തെ അനുഭവമെടുത്താൽ പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും താങ്ങും തണലുമായി നില്ക്കാൻ സർക്കാരിനു കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നോർക്കയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ ലോകത്തെ മലയാളികളെ ഒരുമിപ്പിച്ചു നിർത്തുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മലയാളികൾക്കു ഒന്നിച്ചു ചേരാനുള്ള വേദിയായി ലോക കേരള സഭ മാറി. രക്ഷകർത്താവിനെപ്പോലെ മുഖ്യമന്ത്രി എല്ലാത്തിനും മുന്നിൽ നിന്നു പ്രവർത്തിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നോർക്ക കെയർ മൊബൈൽ ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാർഡ് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി.
നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, ലോകകേരള സഭാ ഡയറക്ടർ അസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, എൻ.ആർ.ഐ.(കെ) കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രമണ്യൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് മാനേജിംഗ ഡയറക്ടർ ഡോ. ബാജു ജോർജ് , വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.